
.....................
പ്രവേച്ചീ....
കൂക്കി വിളിക്കണ്ട, ഞാനീടയ്ണ്ട്...
ഇവ്ടെ ഇരിയ്ക്ക്വാന്ന് അല്ലെ.. ഞാന്‍ പ്രവേച്ചീനെ എവ്ടെല്ലാം നോക്കി.. അല്ലാ പ്രവേച്ചി എന്നാ ചെയ്യ്ന്നേ?
ഞാനോ?..ഞാന്‍ ചെമ്പരത്തീന്റെ താളിയ്ണ്ടാക്ക്വാന്ന്. നീയെന്തിനാ വിളിച്ചത്?
അതേ.. ഈ ചക്കപ്പൂമ്പാറ്റക്കെങ്ങന്യാ മഞ്ഞക്കളറ് കിട്ട്യത്?
എനക്കറീല്ല..
പറഞ്ഞ് താ പ്രവേച്ചി...
ഉം... അത്... നീ പുള്ളൂര്കാളീന്റെ മേല്ള്ള കറപ്പും മഞ്ഞേം പുള്ളിക്കുത്ത് കണ്ടിറ്റില്ലേ? പുള്ളൂര്കാളി കൊട്ത്തതാ..
എന്നാപ്പിന്നെ ഈ വെളിച്ചപ്പാടന്‍ പൂമ്പാറ്റക്ക് ചോപ്പുകളറെങ്ങന്യാ കിട്ട്യത്?
അത് ചെക്കിച്ചേരിപ്പോതി കൊട്ത്തതാ. നീ കണ്ടിറ്റില്ലേ ചെക്കിച്ചേരിപ്പോതീന്റെ ചോപ്പ് മുഖത്തെഴുത്ത്?
എന്നാപ്പിന്നെ ഞാന്‍ ഒരു കാര്യം കൂടി ചോയ്ക്കട്ടെ?
ഉം...ചോയിക്ക്..
ഈ ചക്കപ്പൂമ്പാറ്റേന്റെ വീടെവ്ട്യാ?
പാതാറ് വളപ്പില്‍, അവ്ടെ ചക്കപ്പൂമ്പാറ്റക്ക് വെല്യ വീട്ണ്ട്.
സത്യായിറ്റും?
മുത്തപ്പനാണെ സത്യം!
എന്തിനാ പ്രവേച്ചി നൊണ പറേന്നത്, ഞാന്‍ ഇന്നാള് ചോയ്ച്ചേരം പറഞ്ഞു വണ്ണാത്തിപ്പാറക്കാന്ന് എന്നിറ്റപ്പം പറയ്ന്ന് പാതാറ് വളപ്പിലാന്ന്, നൊണച്ചി.