
നേരം വെളുക്കുമ്പോള്‍ കഞ്ഞിയും കുടിച്ച് പണിയെടുക്കുന്ന ആണുങ്ങളും പെണ്ണുങ്ങളും പണിക്കു പോയി. പണിയില്ലാത്ത ആണുങ്ങള്‍ കുമാരേട്ടന്റെ ടീഷാപ്പിലും അച്ഛന്റെ പീടികയിലും ഇരുന്നു വീരസ്യം പറഞ്ഞു. പണിയില്ലാത്ത പെണ്ണുങ്ങളോ? ചക്കകുരുവും ചുണങ്ങി പയമയും പയ്യാരവും പറഞ്ഞിരുന്നു. എട്ടരമണിക്ക് ചായയും ദോശയും കഴിച്ച് ഞങ്ങള്‍ പിള്ളേര് സ്കൂളില്‍ പോയി.പ്രമാണിമാര്‍ ശീലക്കുടയും വള്ളിസഞ്ചിയുമെടുത്തും അല്ലാത്തവര്‍ പുസ്തകം ഷര്‍ട്ടിനുള്ളിലും തല വാഴയിലക്കടിയിലുമാക്കി കല്ലും ചരലും ചവിട്ടി കുന്നു കയറി രണ്ടാം ബെല്ലിനു മുന്‍പ് ക്ലാസ്സില്‍ തലകാണിച്ചു. മാഷന്മാരെല്ലാരും സഖാക്കന്മാരായതു കൊണ്ടാവണം ഈശ്വരപ്രാര്‍ത്ഥന എന്നൊരൈറ്റം ഞങ്ങളുടെ സ്കൂളിന്റെ അജന്‍ഡയില്‍ ഉണ്ടായിരുന്നേയില്ല.നാണുമാഷിന്റെ ക്ലാസ്സില്‍ ഞങ്ങള്‍ കൊച്ചുപിള്ളേരിരുന്നു തറ പറ പഠിച്ചപ്പോള്‍ ഏഴാം ക്ലാസ്സിലെ ചില മുതുമുത്തച്ഛന്മാര്‍ പൊന്നമ്മ ടീച്ചറുടെ ഹിന്ദി ക്ലാസിലിരുന്ന് ഉപ്പുമാവുണ്ടാക്കുന്ന അമ്പുവേട്ടനെ സ്വപ്നം കണ്ടു (അവര്‍ പിന്നേയും വര്‍ഷങ്ങളോളം ഏഴാം ക്ലാസ്സില്‍ തന്നെയിരുന്നു). എല്ലാവരും മണിയടിക്കുന്ന മാധവേട്ടനെ ഏറ്റവും അധികം സ്നേഹിച്ചു. കാരണം ഒരു മണിയുടെയും നാലുമണിയുടെയും ബെല്ലടിക്കുന്നതും ഉപ്പുമാവ് വിളമ്പുന്നതും ആ മഹാനായിരുന്നു. (ചിലരെങ്കിലും ടിയാനെ ഹേഡ് മാധവന്‍ എന്നു കളിയാക്കി വിളിച്ചിരുന്നാതായി ഒരു ശ്രുതിയുണ്ട്). കാശുള്ളോന്‍ തമ്പാനേട്ടന്റെ പീട്യേല്‍ പോയി പാരീസുമുട്ടായി വാങ്ങി തിന്നു, ഇല്ലാത്തോന്‍ അമ്പലത്തില്‍ പോയി നമ്പൂരിയുടെ കയ്യിലെ പായസത്തിനായി കാത്തു നിന്നു. അതിനും വയ്യാത്തവര്‍ മുട്ടായി തിന്നുന്നത് പല്ലിനു കേടാണെന്ന് നാണുമാഷ് പറഞ്ഞിട്ടുണ്ടെന്നു വെറുതേ പറഞ്ഞു പരത്തി. പക്ഷെ തിന്നവനും തിന്നാത്തവനും എല്ലാം ഒന്നിച്ചു ആലിന്റെ കീഴെ കുടു കുടുവും കിളിത്തട്ടും കള്ളനും പോലീസും കളിച്ചു.
നാലുമണിയുടെ ബെല്ലടിക്കുമ്പോള്‍ പുതുമഴയ്ക്കു മൗവ്വത്താനിപ്പുഴയിലെത്തുന്ന മലവെള്ളം പോലെ എല്ലാവരും വീട്ടിലേക്കോടി. ചോറുതിന്നും തിന്നാതെയും ആണ്‍കുട്ട്യോള് റോഡില്‍ ചെന്ന് ഇട്ടിയും കോലും ഡപ്പയും കളിച്ചപ്പോള്‍ പെമ്പിള്ളേരു കൊത്തംകല്ലും സൈങ്കോലും കളിച്ചു. മീശ നരച്ച ആണുങ്ങള്‍ കള്ളുഷാപ്പിലിരുന്നു കള്ളും റാക്കും കുടിച്ചു. മീശ നരക്കാത്തവര്‍ ചകിരി തേച്ചു വെളുപ്പിച്ച വള്ളിച്ചെരുപ്പും കുട്ടിക്കൂറ പൗഡറിട്ട് വെളുപ്പിച്ച മുഖവും ഫോറിന്‍ ലുങ്കിയും അരയിലൊരു എവറഡി ടോര്‍ച്ചും ഫിറ്റ് ചെയ്ത് നാലുകിലോമീറ്റര്‍ നടന്നു തേര്‍ത്തല്ലി സന്ധ്യ ടാക്കീസില്‍ ഫസ്റ്റ്ഷോ കാണാന്‍ പോയി. ആണുങ്ങളു കൂട്ടാതെ പോയ പെണ്ണുങ്ങളു മംഗളം വായിച്ചു സങ്കടം തീര്‍ത്തു. സന്ധ്യ മയങ്ങിയപ്പോള്‍ ഏളയാറുകുണ്ടിലെ കുളിക്കടവില്‍ പെണ്‍പട അലക്കുകല്ലില്‍ പഞ്ചാരി കൊട്ടി. കുട്ട്യോള് തോര്‍ത്തുമുണ്ട് കൊണ്ട് നെറ്റിപ്പൊട്ടനെയും വെള്ളംതേനിയേയും പിടിച്ചു നേരം കൂട്ടി.
പകലോന്‍ മറഞ്ഞാല്‍ തിമിരിക്കാരെല്ലാരും പാട്ടുപാടും, അച്ചമ്മമാരും കുട്ട്യോളും രാമനാമം ചൊല്ലിയപ്പോള്‍ കുടിച്ചു പൂസായ കാര്‍ന്നോമ്മാര് ചെക്കിച്ചേരിപ്പോതീടെ തോറ്റവും കോലടിപ്പാട്ടും പാടി (അപൂര്‍വ്വം ചിലര് ഭരണിപ്പാട്ടും പാടി). റേഡിയോയുള്ള പ്രമാണിമാര്‍ സിലിമാപ്പാട്ടു കേട്ടു. അത്താഴം കഴിക്കല്‍ തിമിരിക്കാര്‍ക്കു കഞ്ഞികുടിയായിരുന്നു. എല്ലാവരും മണ്ണെണ്ണ വിളക്കിനു ചുറ്റും ഇരുന്ന് ചക്കക്കുരുവും ചമ്മന്തിയും തവരയും താളുകൂട്ടാനും കൂട്ടി കിണ്ണത്തില്‍ കഞ്ഞികുടിച്ചു. കഞ്ഞികുടിക്കാതെ വാശിപിടിച്ച പിള്ളേരെ കുരുടന്‍ കുഞ്ഞിരാമേട്ടന്‍ പിടിച്ചോണ്ട് പോവൂന്ന് പറഞ്ഞു പേടിപ്പിച്ചു. പിന്നേയും വാശിപിടിച്ച ധൈര്യശാലികള്‍ തിമിരിമാലം കാണിക്കൂന്ന് പറഞ്ഞപ്പോള്‍ ഒറ്റവലിക്ക് കിണ്ണം കാലിയാക്കി. പാലംകുളത്തമ്മ പന്തവും കത്തിച്ചിറങ്ങുന്നതിനു മുന്‍പ് എല്ലാവരും ഓലപ്പായില്‍ നടുനീര്‍ത്തി. രായിയച്ചമ്മമാര് കുട്ട്യോള്‍ക്ക് കുളിയന്റെയും നാഗേനിയമ്മേന്റേയും കഥ പറഞ്ഞു കൊടുത്തു. കഥ കേട്ടു പേടിച്ച പിള്ളേര് അച്ചമ്മമാരുടെ കരിമ്പടത്തിനുള്ളിലേക്ക് നൂണുകയറി. പിന്നെ ചെറിയ കമ്മാരന്‍ നമ്പ്യാരും വലിയ കമ്മാരന്‍ നമ്പ്യാരും കുരുടന്‍ കുഞ്ഞിരാമേട്ടനും കോമരവും കുഞ്ഞമ്പു മൂസോറും അനന്തമ്മാഷും റാക്കു കാച്ചുന്ന കുമാരേട്ടനും പാണ്ടന്‍ നായയും എല്ലാം ഒരേ താളത്തില്‍ കൂര്‍ക്കം വലിച്ചു. ഞങ്ങള്‍ പിള്ളേര് അതിന്റെ താളത്തിനൊത്ത് പായീല് ഇച്ചിമീത്തി, കുളിയനെ സ്വപ്നം കണ്ടു കിടന്നുറങ്ങി....
18 comments:
കുറേ വര്‍ഷം പുറകിലേക്കു കൊണ്ടുപോയി, നന്നായി, ഓര്‍മ്മകളെ ഉണര്‍ത്തിയതിന് നന്ദി.
ഗ്രാമത്തിന്റെ സ്പന്ദനങ്ങള്‍ നന്നായി ചാലിച്ചെടുത്തിരിക്കുന്നു തിമിരിക്കാരന്‍... അഭിനന്ദനങ്ങള്‍ ഇത്രയും നല്ല പോസ്റ്റിട്ടതിന്...
നിങ്ങളുടെ വാക്കുകള്‍ എന്റെയും കൂടി ബാല്യകാലത്തേക്കുള്ള വണ്ടികളാണ്...നാട്ടു വഴികളുടെ നേര്‍ വെളിച്ചങ്ങളിലൂടെ നന്മയൂടെ പഴയഗന്ധങ്ങള്‍ ശ്വസിച്ചുകൊണ്ടുള്ള നടത്തം നിങ്ങളുടെ എഴുത്ത്...
നന്ദി ...അഭിനന്ദനങ്ങള്‍....
അഭിനന്ദനങ്ങള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും മുരളിയേട്ടനും കണ്ണൂരാനും ലാപുടയ്ക്കും ഹൃദയം നിറഞ്ഞ നന്ദി. ഇനിയും തുടര്‍ന്നെഴുതാന്‍ എനിക്കിതൊരു പ്രചോദനമാണ്. നന്ദി....
ഏയ് തിമിരിക്കാരാ, വളരെ നന്നയിട്ടുണ്ട്. ഞാനും അടുത്ത നാട്ടുകാരനാണ്, മാതനാര്‍കല്ല്. ദില്ലിയിലാണിപ്പോള്‍.
പലേരിമാഷ്ക്ക് തിമിരിയില്‍ ബന്ധുക്കുളണ്ടാകണമല്ലോ? തിമിരിയിലും ഒരുപാട് പലേരിമാരുണ്ട് അതോണ്ട് ചോയിച്ചതാ...
ഇഡഢലീ,
നന്ദി, ഒത്തിരി പിറകിലോട്ട് കൊണ്ട് പോയതിന്.
ഗ്രാമത്തിന്‍റെ നിഷ്കളങ്കത അപ്പടി പകര്‍ത്തി വെച്ചിരിക്കുന്നു.
നന്നായി പറയനുള്ള കഴിവ് വളരെ നന്നായിട്ടുണ്ട്.
ഭാവുകങ്ങള്‍.
പിന്നിട്ട വഴികളിലൂടെ കാഴ്ച കണ്ട് നടന്നത് രസകരമായിരിക്കുന്നു. :)
മുരളിച്ചേട്ടന്‍ :-)
കണ്ണൂരാന്‍ :-)
ലാപുട :-)
സുഗതരാജ് പലേരി :-)
അഗ്രജന്‍ :-)
സുചേച്ചീ :-)
ഈ പോസ്റ്റ് വായിച്ച് കമന്റിയ എല്ലാവര്‍ക്കും നന്ദി....... കമന്റാത്തവര്‍ക്കും നന്ദി....
അടുത്തയിടെ ഗുരുവായൂരില്‍ വെച്ചായിരുന്നോ കല്യാണം?വീട്ടില്‍ ചോദിച്ചപ്പോള്‍ അറിഞ്ഞത് നേരാണോന്ന് ഉറപ്പിക്കാനാ.
അതെ ഗുരുവായൂര് വച്ചായിരുന്നു കല്യാണം. ഈ അനോണി നിഷയെ മനസ്സിലായില്ലല്ലോ?
പേരെഴുതിയ എന്നെ അനോണിയക്കിയത് ശരിയായില്ല...നമുക്കു തമ്മില്‍ അറിയില്ലെങ്കിലും പൊതുവായറിയുന്ന കുറേപ്പേറ്(ബന്ധുക്കള്‍) ഉണ്ട്.എന്റെ അച്ഛന്റെ പേര് വയലപ്ര രാഘവന്‍.വീട്ടില്‍ ചോദിച്ചു നോക്കിക്കോളൂ.
qw_er_ty
ആളെ മനസ്സിലായി.... പക്ഷെ മുഖമൊന്നും ഓര്‍മ്മയില്ല SORRY ഇപ്പോള്‍ ലോകത്തിന്റെ ഏതു മൂലയിലാണ്? സര്‍ സയ്യിദില്‍ ഉണ്ടായിരുന്നോ? ഞാന്‍ വെറും അനോണീന്ന് വിളിച്ചില്ലല്ലോ, പരുവിക്കാതെ...
പിന്നിട്ട വഴികള്‍ രണ്ടെണ്ണമുള്ളത് കണ്‍ഫ്യൂഷന്‍ ആക്കുന്നുണ്ട്.ആത്മകഥ എന്ന ബ്ലോഗ്ഗറുടെ ബ്ലോഗിന്റെ പേരും ഇതു തന്നെ. വായിച്ചതേത് വായിക്കാത്തതേത് എന്നറിയാന്‍ പറ്റുന്നില്ല.:)
ബിന്ദുച്ചേച്ചീ...,
എന്റെ ബ്ലോഗിന്റെ പേര് പിന്നിട്ട വഴികള്‍ (അഞ്ച് കുത്ത്) എന്നാകുന്നു. ആത്മകഥയുടേത് വെറും പിന്നിട്ട വഴികള്‍ എന്നാണ്. പക്ഷെ മൂപ്പര്‍ എനിക്ക് മുന്‍പേ തുടങ്ങിയതാണ് ഞാനറിഞ്ഞിരുന്നില്ല. മൂപ്പരുടെ ബ്ലോഗ് ടൈറ്റിലും ബ്ലോഗ് അഡ്രസ്സും വ്യത്യസ്തമായതു കൊണ്ടാണ് ഇതു സംഭവിച്ചത്. ഇനിയിപ്പോള്‍ എന്തു ചെയ്യും? ആകെ കണ്‍ഫൂസായി...
എത്ര ഭംഗിയായി , മനോഹരമായി , സുന്ദരമായി എഴുതിയിരിക്കുന്നു......
വളരെ വളരെ ഇഷ്ടമായി...
തുടര്‍ന്നും ഇതുപോലെ എഴുതുക... കാത്തിരിക്കുന്നു
നന്നായിട്ടുണ്ട് ,കുറച്ചു കൂടി എഴുതാമായിരുന്നു
Post a Comment