Tuesday, November 22, 2011

ബൂലോകത്തിലേക്കു വീണ്ടും ...

നീണ്ട അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ബ്ലോഗെഴുത്തു തുടങ്ങണമെന്ന് മനസ്സിലൊരാഗ്രഹം..
വെറും രണ്ടേ രണ്ടു പോസ്റ്റുകള്‍ക്കു ശേഷം എഴുത്തു നിന്നു പോയത് ജോലിത്തിരക്കും മറ്റു പ്രാരാബ്ധങ്ങളും  കാരണം. വല്ലപ്പോഴുമുള്ള ബ്ലോഗു വായനയൊഴിച്ചാല്‍ ബൂലോകവുമായി തീര്‍ത്തും ബന്ധം അറ്റു പോയിരുന്നു. ഇതിനിടെ ബൂലോകമൊരുപാടു മാറിപ്പോയി. ' പിന്മൊഴികള്‍ ' കാണാനില്ല, ബാച്ചി ക്ലബിലെ അവസാന മെമ്പറും വിവാഹിതര്‍ ക്ലബ്ബിലേക്ക് കൂറുമാറി. വിശാലമനസ്കന്‍ തറവാട്ടിലെ പഴയ കാരണവരെ പോലെ വിശേഷാവസരങ്ങളില്‍ കോലായില്‍ ഇരുത്താന്‍ മാത്രമുള്ള ഒരാളായി മാറി.  അഗ്രജനും, ഇടിവാളും, ചന്ത്രക്കാറനും, വക്കാരിയും, ദില്‍ബനും, പെരിങ്ങോടരും, പാച്ചാളവും, ശ്രീജിത്തും, ഇഞ്ചിപ്പെണ്ണും ഓതിരം കടകം മറഞ്ഞു അങ്കം വെട്ടിയ ബൂലോകം! ദേവരാഗവും, ഉമേഷ്ജിയും, സൂരജും, കാല്‍വിനും, ജ്യോതിര്‍മയി ടീച്ചറും രേവതി പട്ടത്താനം നടത്തിയ ബൂലോകം! ആ വീരഗാഥകള്‍ പാണന്മാര്‍ പാടി നടന്ന ബൂലോകം! എല്ലാം ഒരോര്‍മ്മ മാത്രമായി. പകരം പലവിഷയങ്ങളിലായി നിരവധി ബ്ലോഗുകള്‍ , നിരവധി നിരവധി എഴുത്തുകാര്‍ . ബൂലോകം ഒരു പാട് മുന്നോട്ടു പോയി , പഴയവരെ ഒട്ടു കാണാനുമില്ല. എല്ലാവരും ഏകദേശം എഴുത്തു നിറുത്തിയ മട്ടാണ്. ഞാനുമീ പുതിയ ഒഴുക്കില്‍ ചേരാന്‍ ശ്രമിക്കട്ടെ!

Thursday, October 05, 2006

പൂമ്പാറ്റയുടെ വീട്‌

പ്രവേച്ചീ.......
.....................
പ്രവേച്ചീ....

കൂക്കി വിളിക്കണ്ട, ഞാനീടയ്ണ്ട്‌...

ഇവ്ടെ ഇരിയ്ക്ക്വാന്ന് അല്ലെ.. ഞാന്‍ പ്രവേച്ചീനെ എവ്ടെല്ലാം നോക്കി.. അല്ലാ പ്രവേച്ചി എന്നാ ചെയ്യ്ന്നേ?

ഞാനോ?..ഞാന്‍ ചെമ്പരത്തീന്റെ താളിയ്ണ്ടാക്ക്വാന്ന്. നീയെന്തിനാ വിളിച്ചത്‌?

അതേ.. ഈ ചക്കപ്പൂമ്പാറ്റക്കെങ്ങന്യാ മഞ്ഞക്കളറ്‌ കിട്ട്യത്‌?

എനക്കറീല്ല..

പറഞ്ഞ്‌ താ പ്രവേച്ചി...

ഉം... അത്‌... നീ പുള്ളൂര്‌കാളീന്റെ മേല്‌ള്ള കറപ്പും മഞ്ഞേം പുള്ളിക്കുത്ത്‌ കണ്ടിറ്റില്ലേ? പുള്ളൂര്‌കാളി കൊട്ത്തതാ..

എന്നാപ്പിന്നെ ഈ വെളിച്ചപ്പാടന്‍ പൂമ്പാറ്റക്ക്‌ ചോപ്പുകളറെങ്ങന്യാ കിട്ട്യത്‌?

അത്‌ ചെക്കിച്ചേരിപ്പോതി കൊട്ത്തതാ. നീ കണ്ടിറ്റില്ലേ ചെക്കിച്ചേരിപ്പോതീന്റെ ചോപ്പ്‌ മുഖത്തെഴുത്ത്‌?

എന്നാപ്പിന്നെ ഞാന്‍ ഒരു കാര്യം കൂടി ചോയ്ക്കട്ടെ?

ഉം...ചോയിക്ക്‌..

ഈ ചക്കപ്പൂമ്പാറ്റേന്റെ വീടെവ്ട്യാ?

പാതാറ്‌ വളപ്പില്‌, അവ്ടെ ചക്കപ്പൂമ്പാറ്റക്ക്‌ വെല്യ വീട്ണ്ട്‌.

സത്യായിറ്റും?

മുത്തപ്പനാണെ സത്യം!

എന്തിനാ പ്രവേച്ചി നൊണ പറേന്നത്‌, ഞാന്‍ ഇന്നാള്‌ ചോയ്ച്ചേരം പറഞ്ഞു വണ്ണാത്തിപ്പാറക്കാന്ന് എന്നിറ്റപ്പം പറയ്ന്ന് പാതാറ്‌ വളപ്പിലാന്ന്, നൊണച്ചി.

Tuesday, September 26, 2006

തിമിരിമാലം

വടക്ക്‌ ചിറ്റടിപ്പോതിയും തെക്ക്‌ തലോലപ്പനും കിഴക്ക്‌ കരിഞ്ചാമുണ്ടിയും പടിഞ്ഞാറ്‌ വെള്ളോറ ഭഗവതിയും കാവല്‍ നില്‍ക്കുന്ന തിമിരി ദേശം. ഊരിന്റെ നാഥന്‍ തിമിരിയപ്പന്‍. അസുരരാജക്കന്മാരയ ത്രിപുരന്മാരുടെ അക്രമം സഹിക്കവയ്യാതെ ദേവകള്‍ പൊറുതിമുട്ടിയപ്പോള്‍ ദേവരക്ഷയ്ക്കായി ശ്രീപരമശിവന്‍ ത്രിപുരന്മാരുമായി യുദ്ധം ചെയ്ത്‌ അവരെ നിഗ്രഹിച്ച സ്ഥലം ത്രിപുരി. ത്രിപുരി ലോപിച്ച്‌ തിമിരിയായതെന്ന് പഴമൊഴി. യുദ്ധതിനു ശേഷവും കോപം അടങ്ങാതിരുന്ന ശിവനെ അമ്പലം പണിതു കുടിയിരുത്തി എന്നും യുദ്ധസമയത്ത്‌ ശിവന്റെ മൂന്നാം കണ്ണില്‍ നിന്നും പിറന്നു വീണ മകളെ ചെക്കിച്ചേരിപ്പോതിയെന്ന് പേരിട്ട്‌ താക്കോലും കൊടുത്ത്‌ ഊരിന്റെ കാവലാളാക്കിയെന്നും ഐതിഹ്യം. കുണ്ടും കുറുന്തോടും പാടവും, കാരയും കായലും പാറയും നിറഞ്ഞ നാട്‌. നാട്ടില്‍ ഇടതും വലതുമായി പുരോഗമനക്കാര്‍ പലരുമുണ്ടായിരുന്നതു കൊണ്ടു നാടിനു പുരോഗതി മാത്രമുണ്ടായില്ല. അഷ്ടിക്കുവകയില്ലാത്തവന്റെ വീടിന്റെ ചുമരിലും എ.കെ.ജി യും കൃഷ്ണപ്പിള്ളയും ചിരിച്ചു കൊണ്ടിരുന്നു. അല്ലാത്തിടത്ത്‌ ഇന്ദിരാഗാന്ധിയും മുഖം കാണിച്ചു. പക്ഷെ കക്ഷിഭേദമന്യേ എല്ലായിടത്തും കൊട്ടിയൂരപ്പന്റെ ഓടപ്പൂവും നിഷടെക്സ്റ്റയില്‍സിന്റെ കലണ്ടറും സ്ഥാനം പിടിച്ചു.

നേരം വെളുക്കുമ്പോള്‍ കഞ്ഞിയും കുടിച്ച്‌ പണിയെടുക്കുന്ന ആണുങ്ങളും പെണ്ണുങ്ങളും പണിക്കു പോയി. പണിയില്ലാത്ത ആണുങ്ങള്‍ കുമാരേട്ടന്റെ ടീഷാപ്പിലും അച്ഛന്റെ പീടികയിലും ഇരുന്നു വീരസ്യം പറഞ്ഞു. പണിയില്ലാത്ത പെണ്ണുങ്ങളോ? ചക്കകുരുവും ചുണങ്ങി പയമയും പയ്യാരവും പറഞ്ഞിരുന്നു. എട്ടരമണിക്ക്‌ ചായയും ദോശയും കഴിച്ച്‌ ഞങ്ങള്‍ പിള്ളേര്‌ സ്കൂളില്‍ പോയി.പ്രമാണിമാര്‍ ശീലക്കുടയും വള്ളിസഞ്ചിയുമെടുത്തും അല്ലാത്തവര്‍ പുസ്തകം ഷര്‍ട്ടിനുള്ളിലും തല വാഴയിലക്കടിയിലുമാക്കി കല്ലും ചരലും ചവിട്ടി കുന്നു കയറി രണ്ടാം ബെല്ലിനു മുന്‍പ്‌ ക്ലാസ്സില്‍ തലകാണിച്ചു. മാഷന്മാരെല്ലാരും സഖാക്കന്മാരായതു കൊണ്ടാവണം ഈശ്വരപ്രാര്‍ത്ഥന എന്നൊരൈറ്റം ഞങ്ങളുടെ സ്കൂളിന്റെ അജന്‍ഡയില്‍ ഉണ്ടായിരുന്നേയില്ല.നാണുമാഷിന്റെ ക്ലാസ്സില്‍ ഞങ്ങള്‍ കൊച്ചുപിള്ളേരിരുന്നു തറ പറ പഠിച്ചപ്പോള്‍ ഏഴാം ക്ലാസ്സിലെ ചില മുതുമുത്തച്ഛന്മാര്‍ പൊന്നമ്മ ടീച്ചറുടെ ഹിന്ദി ക്ലാസിലിരുന്ന് ഉപ്പുമാവുണ്ടാക്കുന്ന അമ്പുവേട്ടനെ സ്വപ്നം കണ്ടു (അവര്‍ പിന്നേയും വര്‍ഷങ്ങളോളം ഏഴാം ക്ലാസ്സില്‍ തന്നെയിരുന്നു). എല്ലാവരും മണിയടിക്കുന്ന മാധവേട്ടനെ ഏറ്റവും അധികം സ്നേഹിച്ചു. കാരണം ഒരു മണിയുടെയും നാലുമണിയുടെയും ബെല്ലടിക്കുന്നതും ഉപ്പുമാവ്‌ വിളമ്പുന്നതും ആ മഹാനായിരുന്നു. (ചിലരെങ്കിലും ടിയാനെ ഹേഡ്‌ മാധവന്‍ എന്നു കളിയാക്കി വിളിച്ചിരുന്നാതായി ഒരു ശ്രുതിയുണ്ട്‌). കാശുള്ളോന്‍ തമ്പാനേട്ടന്റെ പീട്യേല്‍ പോയി പാരീസുമുട്ടായി വാങ്ങി തിന്നു, ഇല്ലാത്തോന്‍ അമ്പലത്തില്‍ പോയി നമ്പൂരിയുടെ കയ്യിലെ പായസത്തിനായി കാത്തു നിന്നു. അതിനും വയ്യാത്തവര്‍ മുട്ടായി തിന്നുന്നത്‌ പല്ലിനു കേടാണെന്ന് നാണുമാഷ്‌ പറഞ്ഞിട്ടുണ്ടെന്നു വെറുതേ പറഞ്ഞു പരത്തി. പക്ഷെ തിന്നവനും തിന്നാത്തവനും എല്ലാം ഒന്നിച്ചു ആലിന്റെ കീഴെ കുടു കുടുവും കിളിത്തട്ടും കള്ളനും പോലീസും കളിച്ചു.

നാലുമണിയുടെ ബെല്ലടിക്കുമ്പോള്‍ പുതുമഴയ്ക്കു മൗവ്വത്താനിപ്പുഴയിലെത്തുന്ന മലവെള്ളം പോലെ എല്ലാവരും വീട്ടിലേക്കോടി. ചോറുതിന്നും തിന്നാതെയും ആണ്‍കുട്ട്യോള്‌ റോഡില്‍ ചെന്ന് ഇട്ടിയും കോലും ഡപ്പയും കളിച്ചപ്പോള്‍ പെമ്പിള്ളേരു കൊത്തംകല്ലും സൈങ്കോലും കളിച്ചു. മീശ നരച്ച ആണുങ്ങള്‍ കള്ളുഷാപ്പിലിരുന്നു കള്ളും റാക്കും കുടിച്ചു. മീശ നരക്കാത്തവര്‍ ചകിരി തേച്ചു വെളുപ്പിച്ച വള്ളിച്ചെരുപ്പും കുട്ടിക്കൂറ പൗഡറിട്ട്‌ വെളുപ്പിച്ച മുഖവും ഫോറിന്‍ ലുങ്കിയും അരയിലൊരു എവറഡി ടോര്‍ച്ചും ഫിറ്റ്‌ ചെയ്ത്‌ നാലുകിലോമീറ്റര്‍ നടന്നു തേര്‍ത്തല്ലി സന്ധ്യ ടാക്കീസില്‍ ഫസ്റ്റ്ഷോ കാണാന്‍ പോയി. ആണുങ്ങളു കൂട്ടാതെ പോയ പെണ്ണുങ്ങളു മംഗളം വായിച്ചു സങ്കടം തീര്‍ത്തു. സന്ധ്യ മയങ്ങിയപ്പോള്‍ ഏളയാറുകുണ്ടിലെ കുളിക്കടവില്‍ പെണ്‍പട അലക്കുകല്ലില്‍ പഞ്ചാരി കൊട്ടി. കുട്ട്യോള്‌ തോര്‍ത്തുമുണ്ട്‌ കൊണ്ട്‌ നെറ്റിപ്പൊട്ടനെയും വെള്ളംതേനിയേയും പിടിച്ചു നേരം കൂട്ടി.


പകലോന്‍ മറഞ്ഞാല്‍ തിമിരിക്കാരെല്ലാരും പാട്ടുപാടും, അച്ചമ്മമാരും കുട്ട്യോളും രാമനാമം ചൊല്ലിയപ്പോള്‍ കുടിച്ചു പൂസായ കാര്‍ന്നോമ്മാര്‌ ചെക്കിച്ചേരിപ്പോതീടെ തോറ്റവും കോലടിപ്പാട്ടും പാടി (അപൂര്‍വ്വം ചിലര്‌ ഭരണിപ്പാട്ടും പാടി). റേഡിയോയുള്ള പ്രമാണിമാര്‍ സിലിമാപ്പാട്ടു കേട്ടു. അത്താഴം കഴിക്കല്‍ തിമിരിക്കാര്‍ക്കു കഞ്ഞികുടിയായിരുന്നു. എല്ലാവരും മണ്ണെണ്ണ വിളക്കിനു ചുറ്റും ഇരുന്ന് ചക്കക്കുരുവും ചമ്മന്തിയും തവരയും താളുകൂട്ടാനും കൂട്ടി കിണ്ണത്തില്‍ കഞ്ഞികുടിച്ചു. കഞ്ഞികുടിക്കാതെ വാശിപിടിച്ച പിള്ളേരെ കുരുടന്‍ കുഞ്ഞിരാമേട്ടന്‍ പിടിച്ചോണ്ട്‌ പോവൂന്ന് പറഞ്ഞു പേടിപ്പിച്ചു. പിന്നേയും വാശിപിടിച്ച ധൈര്യശാലികള്‍ തിമിരിമാലം കാണിക്കൂന്ന് പറഞ്ഞപ്പോള്‍ ഒറ്റവലിക്ക്‌ കിണ്ണം കാലിയാക്കി. പാലംകുളത്തമ്മ പന്തവും കത്തിച്ചിറങ്ങുന്നതിനു മുന്‍പ്‌ എല്ലാവരും ഓലപ്പായില്‍ നടുനീര്‍ത്തി. രായിയച്ചമ്മമാര്‌ കുട്ട്യോള്‍ക്ക്‌ കുളിയന്റെയും നാഗേനിയമ്മേന്റേയും കഥ പറഞ്ഞു കൊടുത്തു. കഥ കേട്ടു പേടിച്ച പിള്ളേര്‌ അച്ചമ്മമാരുടെ കരിമ്പടത്തിനുള്ളിലേക്ക്‌ നൂണുകയറി. പിന്നെ ചെറിയ കമ്മാരന്‍ നമ്പ്യാരും വലിയ കമ്മാരന്‍ നമ്പ്യാരും കുരുടന്‍ കുഞ്ഞിരാമേട്ടനും കോമരവും കുഞ്ഞമ്പു മൂസോറും അനന്തമ്മാഷും റാക്കു കാച്ചുന്ന കുമാരേട്ടനും പാണ്ടന്‍ നായയും എല്ലാം ഒരേ താളത്തില്‍ കൂര്‍ക്കം വലിച്ചു. ഞങ്ങള്‍ പിള്ളേര്‌ അതിന്റെ താളത്തിനൊത്ത്‌ പായീല്‌ ഇച്ചിമീത്തി, കുളിയനെ സ്വപ്നം കണ്ടു കിടന്നുറങ്ങി....

Saturday, September 23, 2006

പിന്നിട്ട വഴികളുടെ കഥ

കൊടകരപുരാണം കുറച്ചു കാപ്പിയും ചേര്‍ത്ത്‌ സേവിച്ചു കൊണ്ട്‌ അലസമായിരുന്ന ഒരു വെള്ളിയാഴ്ച വൈകുന്നേരം സ്വതസിദ്ധമായ കണ്ണൂര്‍ ഭാഷയില്‍ ഒരാഗ്രഹം "എനക്കും സ്വന്തമായി ഒരു ബ്ലോഗ്‌ വേണം"!. വിശാലമനസ്കനെ പോലെ എനക്കും കുറച്ചു നാട്ടുവര്‍ത്തമാനങ്ങള്‍ എഴുതാനുണ്ട്‌. സ്വന്തം പേരിലെഴുതണോ അതോ വിശാലമനസ്കനെ പോലെ തൂലികാനാമം സ്വീകരിക്കണോ എന്നതായി അടുത്ത സംശയം. ഇറാന്‍ പ്രശ്നത്തില്‍ ഐക്യരാഷ്ട്രസഭ നടത്തിയ ചര്‍ച്ചകള്‍ പോലെ മനസ്സില്‍ നടത്തിയ വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ തൂലികാനാമം ആകാം എന്നു തീരുമാനിച്ചു. പക്ഷെ ഏതു നാമം സ്വീകരിക്കും? ഒാര്‍മ്മയുടെ വഴിയിലൂടെ കുറെ തിരിച്ചു നടന്നപ്പോള്‍ ഒാര്‍മ്മേന്റെ അറ്റത്തെത്തി. അവിടുന്നങ്ങോട്ട്‌ ഒന്നും കാണുന്നില്ല, ഭയങ്കര ഇരുട്ട്‌. അഭിലാഷ്‌ എന്ന് പേരിട്ടത്‌ അച്ഛനാണെന്ന് പറഞ്ഞു കേട്ട ഓര്‍മ്മയേ എനിക്കുള്ളൂ. അപ്പോഴാണ്‌ എനിക്കാദ്യം ഇരട്ടപേരിട്ടതും (കണ്ണൂര്‍ ഭാഷയില്‍ കുറ്റപ്പേര്‌) അച്ഛനാണെന്ന രസകരമായ കാര്യം ഓര്‍മ്മ വന്നത്‌. പിന്നെ ഒന്നും ആലോചിച്ചില്ല തൂലികാനാമം അതു തന്നെ ആകാം എന്നു തീരുമാനിച്ചു. അങ്ങനെ അച്ഛനിട്ട ആ ഇരട്ടപ്പേരു പുനര്‍ജ്ജനിച്ചുണ്ടായതാണ്‌ ഇഡ്ഢലിപ്രിയന്‍ എന്ന ഈ തൂലികാനാമം.